Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.
മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30-ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
പരീക്ഷയ്ക്കുശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. തുടർന്ന് മേയ് 07-ന് ബോർഡ് മീറ്റിംഗ് ചേരുകയും എട്ടിന് ഔദ്യോഗികമായി പരീക്ഷാ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നും ശിവൻകുട്ടി അറിയിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23ന് സ്കൂൾ അടയ്ക്കും.
അവധിക്കുശേഷം ജനുവരി അഞ്ചിന് ക്ലാസുകൾ പുനരാരംഭിക്കും. അക്കാദമിക് കലണ്ടർ പ്രകാരം 19ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ ക്രമീകരിച്ചിരുന്നത്. തദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകണം.
അതിനാൽ പരീക്ഷ ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം. ഹയര്‍സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്കൂള്‍ തുറന്നശേഷം നടത്തും.
International
സിയൂൾ: ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷയെന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണ കൊറിയയിലെ സുനെംഗ് ടെസ്റ്റിൽ ഇക്കുറി പങ്കെടുത്തത് 5,54,174 വിദ്യാർഥികൾ.
ഇന്നലെ നടന്ന ഈവർഷത്തെ പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമാനം കൂടുതൽ കുട്ടികളാണ് പങ്കെടുത്തത്. രാജ്യത്തെ ഉന്നത സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് അത്യാവശ്യമായ ഈ പരീക്ഷയിൽ 2019നുശേഷം ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നതും ഈവർഷമാണ്.
ഇക്കുറി പരീക്ഷാർഥികളുടെ എണ്ണം കൂടാൻ മറ്റൊരു കാരണമുണ്ട്. 2007ൽ ജനിച്ചവരായിരുന്നു ഭൂരിഭാഗം ഉദ്യോഗാർഥികളുമെന്നതാണത്. രാജ്യത്ത് ഒരു കുഞ്ഞ് ജനിക്കാൻ ശുഭകരമായ സമയമായി 2007 കണക്കാക്കപ്പെട്ടിരുന്നതിനാലാണ് അന്ന് ജനനനിരക്കിൽ വൻ വർധനവുണ്ടായത്.
എന്നാൽ തുടർന്നിങ്ങോട്ട് രാജ്യത്തെ ജനസംഖ്യ വർഷംതോറും കുറഞ്ഞുവരുന്ന അവസ്ഥയാണ്. പരീക്ഷയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടും പരീക്ഷാർഥികൾ കൃത്യസമയത്ത് പരീക്ഷാസെന്ററുകളിൽ എത്തുന്നത് ഉറപ്പുവരുത്താനുമായി ഓഫീസുകളും കന്പനികളും വ്യാപാരസ്ഥാപനങ്ങളും തുടങ്ങി ഓഹരിവിപണിവരെ പതിവിനു വിപരീതമായി ഒരു മണിക്കൂർ വൈകിയാണു പ്രവർത്തനം ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നത് വൈകാതിരിക്കാനും വലിയ മുന്‍കരുതലുകളെടുത്തു. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ആവശ്യമായി നടപടികള്‍ സ്വീകരിച്ചു.
വിമാനസർവീസുകൾ വൈകി
നിർണായകമായ ഇംഗ്ലീഷ് ടെസ്റ്റിന് വിദ്യാർഥികൾക്കു യാതൊരുവിധ തടസവുമുണ്ടാകാതിരിക്കാൻ ഉച്ചയ്ക്ക് 1.05 മുതൽ 1.40 വരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും നിരോധിച്ചിരുന്നു.
ഇതോടെ 65 രാജ്യാന്തര സർവീസുകളുൾപ്പെടെ 140 വിമാനങ്ങളുടെ സർവീസ് വൈകി. പരീക്ഷ കഴിയുന്നതിനായി വിമാനങ്ങൾ വിമാനത്താവളങ്ങൾക്ക് 9843 അടി ഉയരത്തിൽ വട്ടമിട്ടു പറന്നു.പ്രാദേശികസമയം ഇന്നലെ രാവിലെ 8.40ന് തുടങ്ങിയ പരീക്ഷ വൈകുന്നേരം 5.40നാണ് അവസാനിച്ചത്.
എട്ടു മണിക്കൂര്‍ നീണ്ട ഈ പരീക്ഷയില്‍ കൊറിയന്‍, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കൊറിയന്‍ ഹിസ്റ്ററി, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണു പരീക്ഷകള്‍ നടത്തിയത്.
വ്യത്യസ്ത പരീക്ഷാരീതി
എല്ലാ വര്‍ഷവും നവംബറില്‍ നടക്കുന്ന സുനേംഗ് ടെസ്റ്റ് കേവലം ഒരു അക്കാദമിക് ചലഞ്ച് എന്നതിനപ്പുറം ഭാവിജീവിതം രൂപപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായാണു കണക്കാക്കുന്നത്. വളരെ വ്യത്യസ്തമായ പരീക്ഷാരീതിയാണിത്.
ഓരോ വിഷയത്തിനും 80 മുതല്‍ 107 മിനിറ്റ് വരെ നീളുന്നതാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കുംശേഷം 20 മിനിറ്റാണു വിശ്രമസമയം. ഉച്ചഭക്ഷണത്തിനായി 50 മിനിറ്റ് സമയമാണു നല്‍കുന്നത്. ഇതിനുശേഷമാണ് സാധാരണയായി ഇംഗ്ലീഷ് ടെസ്റ്റ് നടത്തുന്നത്. ലിസണിംഗ് ടെസ്റ്റാണ് ഇംഗ്ലീഷ് പരീക്ഷയില്‍ പ്രധാനപ്പെട്ടത്. അവര്‍ കേള്‍ക്കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഉത്തരങ്ങള്‍. ഉയര്‍ന്ന ഏകാഗ്രതയും ഈ പരീക്ഷയിൽ ആവശ്യമാണ്.
തൊഴില്‍, വരുമാനം എന്നിവയെ സ്വാധീനിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ സര്‍വകലാശാല പ്ലേസ്മെന്റുകള്‍, ഭാവിയിലേക്കുള്ള തൊഴില്‍സാധ്യതകള്‍ തുടങ്ങി സോഷ്യൽ സ്റ്റാറ്റസ് പോലും നിര്‍ണയിക്കുന്നത് ഈ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.
പരീക്ഷ അവസാനിച്ച് പുറത്തിറങ്ങുമ്പോൾ ഒരു ഉത്സവാന്തരീക്ഷത്തിന്റെ പ്രതീതിയാണുണ്ടാകുക. സംഗീതപരിപാടികളുടെയും മറ്റും അകമ്പടിയോടെയാണ് ഇവിടെ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടുന്നത്.
കഠിനമായ തയാറെടുപ്പുകൾ
പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഭക്ഷണക്രമം പോലും നിര്‍ദേശിക്കുന്നുണ്ട്. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഒഴിവാക്കണം. ആപ്പിള്‍, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍, പുഴുങ്ങിയ മത്സ്യം തുടങ്ങിയ ലളിതമായ ഭക്ഷണമാണ് വിദ്യാര്‍ഥികളോടു നിര്‍ദേശിക്കുന്നത്.
പരീക്ഷാ ദിനങ്ങളില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനും യാതൊരു തരത്തിലുള്ള രോഗങ്ങള്‍ വരാതിരിക്കാനുമാണ് വിദ്യാര്‍ഥികള്‍ ഈ ഭക്ഷണക്രമം പിന്തുടരുന്നത്.
കഠിനമായ തയാറെടുപ്പാണ് പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ഥികള്‍ നടത്തുന്നത്. മോക്ക് ടെസ്റ്റുകളാണ് ഇതില്‍ പ്രധാനം. മൂന്ന് മോക്ക് ടെസ്റ്റുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. വിദ്യാര്‍ഥികളുടെ നിലവാരം അളക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള പരിശീലനം നല്കുന്നതിനുമാണിത്. സ്വകാര്യ അക്കാദമികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മോക്ക് ടെസ്റ്റ് ലഭിക്കാറുണ്ട്.
Kerala
തിരുവനന്തപുരം: മസ്ക്കുലാർ ഡിസ്ട്രോഫി ബാധിതയായ 32-കാരിക്ക് പത്താം ക്ലാസ് തുല്യത പരീക്ഷ വീട്ടിൽവച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി.
തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് പത്താം ക്ലാസ് തുല്യത പരീക്ഷയുൾപ്പെടെയുളള സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്.
ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നു എഴുതി പാസായിരുന്നു. ഒരു വർഷം മുമ്പ് നടന്ന നവകേരള സദസിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവച്ചിരുന്നു. ഒരു മാസം മുമ്പ് ‘സി എം വിത്ത് മീ’ യിലും പരാതി നൽകി.
നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നൽകിയ ഉറപ്പിനെ തുടർന്ന് സാക്ഷരത മിഷൻ നടത്തുന്ന 10ാം ക്ലാസ് തത്തുല്യ യോഗ്യത പരീക്ഷക്ക് കഴിഞ്ഞ 16 മാസമായി അനീഷ തയാറെടുത്തു വരികയാണ്. തുല്യത പരീക്ഷ നവംബർ എട്ടിനാണ് തുടങ്ങുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അനീഷയെ വീഡിയോ കോളിൽ വിളിച്ചു സംസാരിച്ചു.
എട്ടാം വയസിലാണ് അനീഷയ്ക്കു രോഗം പിടിപെടുന്നത്. 11 വയസായപ്പോഴേക്കും നടക്കാൻ കഴിയാതാവുകയും പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. 2021 ലെ ലോകഭിന്നശേഷി ദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് നടത്തിയ ‘ഉണർവ്വ് ’ ഓൺലൈൻ കഥാരചന മത്സരത്തിൽ അനീഷയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 2023 ലെ സംസ്ഥാന ഭിന്നശേഷി അവാർഡും അവർക്ക് ലഭിച്ചിരുന്നു.
പരീക്ഷ നടത്തുന്നതിന്റെ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടത് പരീക്ഷാഭവൻ സെക്രട്ടറിയാണ്.
National
ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പരീക്ഷകൾ ആരംഭിക്കും. എല്ലാ പരീക്ഷകളും രാവിലെ പത്തു മുതലാണ് തുടങ്ങുക.
വിദ്യാർഥികൾക്കും സ്കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. മുഴുവൻ ഷെഡ്യൂളും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cbse.gov.in ൽ ലഭ്യമാണ്. സെപ്റ്റംബർ 24ന് താത്കാലിക ഷെഡ്യൂൾ പുറത്തിറക്കിയിരുന്നു.
ഇന്ത്യയിലും പുറത്തുമായും ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കിയിട്ടുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കി. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് ഒമ്പതിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എപ്രില്‍ ഒമ്പതിനും അവസാനിക്കും.
National
ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ടം മേയിലും
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു പ്രാവശ്യമായി നടത്താനുള്ള കരട് നയത്തിന് അംഗീകാരം. ഈ അധ്യയനവർഷം (2026) മുതൽ രണ്ടു പ്രാവശ്യം പരീക്ഷ നടത്തുന്നതിനുള്ള അനുമതിയാണ് സിബിഎസ്ഇ നൽകിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷ ഫെബ്രുവരിയിലും രണ്ടാം ഘട്ടം മേയിലും നടത്താനാണു തീരുമാനം.
ഫെബ്രുവരിയിൽ നടക്കുന്ന ആദ്യപരീക്ഷ എല്ലാ വിദ്യാർഥികൾക്കും നിർബന്ധമാണ്. ഈ പരീക്ഷയിലെ മാർക്ക് മെച്ചപ്പെടുത്തണമെങ്കിൽ മാത്രം വിദ്യാർഥികൾക്കു രണ്ടാം ഘട്ട പരീക്ഷയെഴുതിയാൽ മതി. ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷ എന്നിവയിൽനിന്ന് ഏതെങ്കിലും മൂന്നു വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് വിദ്യാർഥികൾക്കു ലഭിക്കുക. ആദ്യഘട്ട പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ പങ്കെടുക്കാത്തവരെ രണ്ടാം ഘട്ട പരീക്ഷ എഴുതാൻ അനുവദിക്കില്ല. അവർക്ക് റിപ്പീറ്റ് വിഭാഗത്തിൽ പരീക്ഷയെഴുതാം.
പരീക്ഷ രണ്ടു പ്രാവശ്യമുണ്ടെങ്കിലും ഇന്റേണൽ മാർക്ക് നിർണയം ഒറ്റത്തവണ മാത്രമായിരിക്കും. ആദ്യപരീക്ഷയിൽ കന്പാർട്ട്മെന്റ് ഫലം ലഭിച്ച വിദ്യാർഥികൾക്ക് കന്പാർട്ട്മെന്റ് വിഭാഗത്തിൽ ആ വർഷം മേയിൽത്തന്നെ രണ്ടാമതും പരീക്ഷയെഴുതാൻ അവസരമുണ്ടാകും. പരീക്ഷകളുടെ ഫലം യഥാക്രമം ഏപ്രിൽ, ജൂണ്‍ മാസങ്ങളിൽ പ്രഖ്യാപിക്കും.
ഫെബ്രുവരിയിലെയും മേയിലെയും പരീക്ഷകൾക്കു പ്രത്യേക രജിസ്ട്രേഷൻ ആവശ്യമാണ്. നിലവിലെ സിബിഎസ്ഇ നിയമപ്രകാരമായിരിക്കും ഫലപ്രഖ്യാപനം. രണ്ടാമത്തെ പരീക്ഷ പൂർത്തിയായശേഷമായിരിക്കും മാർക്ക് ലിസ്റ്റ് ലഭിക്കുക. മാർക്കുകളുടെ പുനർമൂല്യനിർണയം മേയിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ്ക്കുശേഷമേ സാധിക്കൂ.
ഫെബ്രുവരിയിൽ നടക്കുന്ന ആദ്യപരീക്ഷ പാസായില്ലെങ്കിലും പതിനൊന്നാം ക്ലാസിലേക്കുള്ള അഡ്മിഷന് താത്കാലികമായി അപേക്ഷിക്കാൻ സാധിക്കും. പക്ഷേ മേയിൽ നടക്കുന്ന രണ്ടാംഘട്ട കന്പാർട്ട്മെന്റ് വിഭാഗത്തിലെ പരീക്ഷ പാസായെങ്കിൽ മാത്രമേ അഡ്മിഷൻ സാധുവാകുകയുള്ളൂ.
മൂല്യനിർണയം കാര്യക്ഷമമാക്കുന്നതിനും മൂല്യനിർണയത്തിലെ ആവർത്തനം കുറയ്ക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ.